Tuesday, August 30, 2016

സരിത ഇരുന്നിടം


നമുക്ക്‌ " തെറങ്ങാൻ പോയാലോ പപ്പാ?"

ചോദ്യം അഞ്ചു വയസ്സുകാരനായ മകന്റേത്‌. കവിയുദ്ദേശിച്ചത്‌ നമുക്ക്‌ കറങ്ങാൻ പോയാലോ എന്ന് .
ചോദ്യത്തിന്റെ അർത്ഥം കുറച്ചുകൂടി വ്യക്തമാക്കിയാൽ അഞ്ചൽ വർഷയിൽ ഓടുന്ന ദിലീപിന്റെ പുതിയ പടം കാണണം എന്നാണന്ന് എനിയ്ക്ക്‌ മനസ്സിലായി. സഹോദരിയുടെ മകൻ പ്ലസ്‌ 2 കഴിഞ്ഞ ഇടവേളയിൽ അമ്മാച്ചന്റടുത്ത്‌ ജീവിതം പഠിയ്ക്കാൻ വന്ന് നിൽക്കുകയാണ്‌. പാഠ്യപദ്ധതിയുടെ ഭാഗമായ പത്രപാരായണത്തിനിടയിൽ സിനിമാപേജ്‌ നോക്കി (കക്ഷി അതു മാത്രമേ നോക്കാറുള്ളൂ) ഇന്നത്തെ റിലീസ്‌ പടങ്ങളെപ്പറ്റി അവൻ പറയുന്നത്‌ കൊച്ചൻ കേട്ട്‌ റെഡിയായിരിയ്കുകയാണ്‌.
എല്ലാം വളരെ പെട്ടന്നായിരുന്നു. ഗോപാൽജിയെ വിളിച്ചു. പുള്ളി റെഡി. 
ഞാനും മകനും പെങ്ങളുടെ മകൻ ലിഥിനും, പിന്നെ ഗോപാൽജിയുമായി ദിലീപിന്റെ റിലീസ്‌ പടം കാണുവാനായി അഞ്ചൽ വർഷയിലേക്ക്‌ യാത്രയാകുന്നു...
വണ്ടി മേൽകുളങ്ങര വഴി പൊലിക്കോടും കടന്ന് ആയൂർ ലക്ഷ്യമാക്കി നീങ്ങുകയാണ്‌..

" അങ്കിളേ സരിത";;;;

അറിയാതെ തന്നെ അനുസരണയോടെ വണ്ടി ഓരം ചേർന്ന് നിന്നു.
എന്താടാ?????
അങ്കിളേ ദോ ലവടെ നമ്മുടെ സരിതയിരിയ്ക്കുന്നു...!!
ഞാൻ ഗോപാൽജിയെ നോക്കി..സങ്ങതി ശരിയാ.. അത്‌ സരിത തന്നെയാ.. ഗോപാൽജി ഉറപ്പിച്ചു. 
അതിന്‌????
അങ്കിളേ..പ്ലീസ്‌...നമുക്കൊരു സെൽഫിയെടുത്തിട്ട്‌ പോകാം! വാ അങ്കിളേ ...വണ്ടി നിർത്തിയിരുന്നത്‌ സരിത ഇരിയ്കുന്നതിന്‌ അൽപം ദൂരെയാണ്‌. രണ്ടും കൽപ്പിച്ച്‌ ഇറങ്ങി നടന്നു. കൊച്ചൻ മുന്നിൽത്തന്നെ നടന്നു.." എന്നെ ഇപ്പോൾ സരിത കണ്ടാൽ ശരിയാകില്ല " എന്ന മട്ടിൽ ഗോപാൽജി കാറിൽ തന്നെ ഇരു ന്നു...ആയൂരിനും വയയ്ക്കലിനും ഇടയിലുള്ള മാടക്കടയുടെ ബഞ്ചിൽ ഈയമ്മ എങ്ങനെ വന്നു പെട്ടു എന്നൊക്കെ ആലോചിച്ച്‌ ഞങ്ങൾ നടന്നു...മാടക്കടയിലെ അമ്മാവൻ ഭക്ത്യാദരവോടെ സാക്ഷാൽ സരിതയോട്‌ എന്തൊക്കെയോ ചോദിയ്ക്കുന്നു..ഞങ്ങൾ വരുന്നത്‌ കണ്ടിട്ടാവാം അവർ എഴുന്നേറ്റു ഞങ്ങൾക്കരികിലേയ്ക്‌ വരുന്നു...ഞാനൽപം പിന്നിലേയ്ക്‌ മാറി..റ്റീവീയിലൊക്കെ കാണുന്നതിനേക്കാൾ സുന്ദരിയാണ്‌...നേരിൽ കാണുമ്പോൾ ഒരു സിനിമാ നടിയുടെ ലുക്കൊക്കെയുണ്ട്‌..മുഖത്ത്‌ ഒളിപ്പിച്ചു വച്ച ഒരു ചെറു പുഞ്ചിരി...ഞങ്ങൾക്ക്‌ നേരേ നടന്നു വന്ന സരിത പെട്ടന്ന് റോഡിന്റെ സൈഡിൽ കിടന്ന നീല നിറമുള്ള കാറിൽ കയറി കൊട്ടാരക്കര ഭാഗത്തേയ്ക്ക്‌ പോയി..
ആകെ ചമ്മി നിൽക്കുന്ന ഞങ്ങളെ നോക്കി മാടക്കടയിലെ അമ്മാവൻ ഒരു ആക്കിയ ചിരി..
ചമ്മൽ മാറ്റാൻ ഞങ്ങൾ അമ്മാവന്റെ കടയിലേക്ക്‌ കയറി, ഞങ്ങൾ ഇങ്ങോട്ടേയ്ക്കാ വന്നത്‌ എന്ന മട്ടിൽ..അമാവൻ അത്‌ വിശസിച്ചില്ലാ എന്ന് ചിരി കണ്ടപ്പോൾ മനസ്സിലായി..
" മോരും വെള്ളം ഉണ്ടോ?" ഞാൻ ചോദിച്ചു.
ഇല്ല! നാരങ്ങയെടുക്കട്ടെ? എന്ന് അമ്മാവൻ
കെട്ടിത്തൂക്കിയിരിയ്ക്കുന്ന നാരയ്ങ്ങാ കൂടയിൽ ഉണങ്ങി ചൊങ്ങിയ അഞ്ചാറ്‌ നാരങ്ങകൾ...

അല്ലമ്മാവാ...ആ പോയത്‌ നമ്മുടെ സരിതയല്ലേ?
" അങ്ങനെ വഴിയ്ക്‌ വാ " എന്ന ഒരു നോട്ടത്തോടെ അമ്മാവൻ പറഞ്ഞു...
അവർ തിരുവനന്തപുരത്ത്‌ ഏതോ കേസ്സിൽ ഹാജരായി മടങ്ങും വഴി കാർ കേടായി. ശരിയാകും വരെ ഇവിടെ വിശ്രമിച്ചതാ...
ഓഹോ അതാണു കാര്യം... ശരിയമ്മാവാ എന്നും പറഞ്ഞ്‌ നാരങ്ങാവെള്ളം കുടിയ്ക്കാതെ ഞങ്ങൾ ദിലീപിനെക്കാണാൻ പോയി... സരിതയിരുന്ന ബഞ്ചിനു ചുറ്റും വട്ടം കറങ്ങി നിന്ന ലിഥിനെ പിടിച്ച്‌ വലിച്ച്‌ കൊണ്ട്‌ പോകേണ്ടി വന്നു...

       ******************************
*****************************************************************

പിറ്റേ ദിവസത്തെ പത്രവുമായി ഗോപാൽജി വിളിച്ചുണർത്തി വായിച്ച്‌ കേൾപ്പിച്ചത്‌ ഇങ്ങനെ;
" സരിതയുടെ കാർ തടഞ്ഞ യുവാക്കൾക്കെതിരെ കേസ്‌ "
കൊട്ടാരക്കര:     സരിത സഞ്ചരിച്ച വാഹനം കേടായതിനേ തുടർന്ന് കരിയ്കത്തിനടുത്ത്‌ നിർത്തിയിട്ടിരിയ്കുകയായ്‌രുന്നു. സന്ധ്യയായതിനാൽ സരിത കാറിനുള്ളിൽ തന്നെയിരിയ്ക്കുമ്പോൾ സമീപ വാസികളായ ഏതാനം സദാചാര പോലീസുകാർ അവരേ ചോദ്യം ചെയ്യുകയും, തുടർന്ന് നടന്ന സംഘർഷത്തിൽ "ഇന്ന വീട്ടിലെ ഇന്ന ആളേയും, മറ്റേ വീട്ടിലെ മറ്റേ ആളേയും" ( സർവ്വ എണ്ണത്തിന്റെയും പേരും വിലാസവും ഉൾപ്പടെ ) പോലീസ്‌ അറസ്റ്റ്‌ ചെയ്തു....
പിന്നീടുള്ള പലദിവസങ്ങളിലും ഇത്തരം സംഭവങ്ങൾ പത്രങ്ങളിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു.
ഭാഗ്യമുണ്ടാരുന്നേൽ ജോയിച്ചാന്റേയും മോന്റേയും അനന്തരവന്റേയും പേരും വീട്ടുപേരുമൊക്കെ പത്രത്തിൽ വന്നേനേ!!! അഞ്ച്‌ വയസ്സേ ചെക്കനുള്ളെങ്കിലും കേരളാ പോലീസിനത്‌ പ്രശ്നമല്ല. ഇന്നാളൊരു കോഴിയേ പ്രതിചേർത്ത്‌ കേസെടുത്ത റ്റീംസാ" ഗോപാൽജിയുടെ വക...

ഗോപാൽജിയേടേം വന്നേനേ!!!! 

എങ്ങനെ? ഞാനതിന്‌ കാറിൽ നിന്നും പുറത്തിറങ്ങിയത്‌ പോലും ഇല്ലല്ലോ?

" ഞങ്ങളുടെ പേരിനു ശേഷം ദേ ദിങ്ങനൊരു വരിയും കൂടി അവസാനം കാണും..

" ഗോപാൽജി എന്ന താടിക്കാരനായ പത്രപ്രവർത്തകനാണ്‌ ഈ ഗൂഡാലോചനയ്ക്ക്‌ പിന്നിലെന്ന് സരിത ആരോപിയ്കുന്നു. കാറിൽ നിന്നും താടിക്കാരൻ പുറത്തിറങ്ങാതിരുന്നതാണ്‌ സരിത ഗൂഡാലോചന സംശയിക്കാൻ കാരണം എന്നും അറിവായിട്ടുണ്ട്‌!"
സമാധാനമായി ഗോപാൽജി പോയി...
പിന്നീട്‌ പലപ്പോഴും അതുവഴി പോകുമ്പോൾ ഞങ്ങൾ അറിയാതെ " സരിത ഇരുന്നിടം " തേടി കണ്ണുകൾ പായും..അങ്ങനെ ആ സ്ഥലത്തിനു ഞങ്ങൾ " സരിത ഇരുന്നിടം" എന്ന്‌ പേരിട്ട്‌ സായൂജ്യമടഞ്ഞു.... പക്ഷേ ആ ബഞ്ച്‌ പിന്നീട്‌ കണ്ടിട്ടില്ല. 
ആ അമ്മാവനോട്‌ ചോദിച്ചാലോ എന്ന് ലിഥിൻ പലപ്പോഴും ആലോചിച്ചിട്ട്‌ പോലുമുണ്ട്. 

No comments:

Post a Comment