Tuesday, August 30, 2016
സരിത ഇരുന്നിടം
നമുക്ക് " തെറങ്ങാൻ പോയാലോ പപ്പാ?"
ചോദ്യം അഞ്ചു വയസ്സുകാരനായ മകന്റേത്. കവിയുദ്ദേശിച്ചത് നമുക്ക് കറങ്ങാൻ പോയാലോ എന്ന് .
ചോദ്യത്തിന്റെ അർത്ഥം കുറച്ചുകൂടി വ്യക്തമാക്കിയാൽ അഞ്ചൽ വർഷയിൽ ഓടുന്ന ദിലീപിന്റെ പുതിയ പടം കാണണം എന്നാണന്ന് എനിയ്ക്ക് മനസ്സിലായി. സഹോദരിയുടെ മകൻ പ്ലസ് 2 കഴിഞ്ഞ ഇടവേളയിൽ അമ്മാച്ചന്റടുത്ത് ജീവിതം പഠിയ്ക്കാൻ വന്ന് നിൽക്കുകയാണ്. പാഠ്യപദ്ധതിയുടെ ഭാഗമായ പത്രപാരായണത്തിനിടയിൽ സിനിമാപേജ് നോക്കി (കക്ഷി അതു മാത്രമേ നോക്കാറുള്ളൂ) ഇന്നത്തെ റിലീസ് പടങ്ങളെപ്പറ്റി അവൻ പറയുന്നത് കൊച്ചൻ കേട്ട് റെഡിയായിരിയ്കുകയാണ്.
എല്ലാം വളരെ പെട്ടന്നായിരുന്നു. ഗോപാൽജിയെ വിളിച്ചു. പുള്ളി റെഡി.
ഞാനും മകനും പെങ്ങളുടെ മകൻ ലിഥിനും, പിന്നെ ഗോപാൽജിയുമായി ദിലീപിന്റെ റിലീസ് പടം കാണുവാനായി അഞ്ചൽ വർഷയിലേക്ക് യാത്രയാകുന്നു...
വണ്ടി മേൽകുളങ്ങര വഴി പൊലിക്കോടും കടന്ന് ആയൂർ ലക്ഷ്യമാക്കി നീങ്ങുകയാണ്..
" അങ്കിളേ സരിത";;;;
അറിയാതെ തന്നെ അനുസരണയോടെ വണ്ടി ഓരം ചേർന്ന് നിന്നു.
എന്താടാ?????
അങ്കിളേ ദോ ലവടെ നമ്മുടെ സരിതയിരിയ്ക്കുന്നു...!!
ഞാൻ ഗോപാൽജിയെ നോക്കി..സങ്ങതി ശരിയാ.. അത് സരിത തന്നെയാ.. ഗോപാൽജി ഉറപ്പിച്ചു.
അതിന്????
അങ്കിളേ..പ്ലീസ്...നമുക്കൊരു സെൽഫിയെടുത്തിട്ട് പോകാം! വാ അങ്കിളേ ...വണ്ടി നിർത്തിയിരുന്നത് സരിത ഇരിയ്കുന്നതിന് അൽപം ദൂരെയാണ്. രണ്ടും കൽപ്പിച്ച് ഇറങ്ങി നടന്നു. കൊച്ചൻ മുന്നിൽത്തന്നെ നടന്നു.." എന്നെ ഇപ്പോൾ സരിത കണ്ടാൽ ശരിയാകില്ല " എന്ന മട്ടിൽ ഗോപാൽജി കാറിൽ തന്നെ ഇരു ന്നു...ആയൂരിനും വയയ്ക്കലിനും ഇടയിലുള്ള മാടക്കടയുടെ ബഞ്ചിൽ ഈയമ്മ എങ്ങനെ വന്നു പെട്ടു എന്നൊക്കെ ആലോചിച്ച് ഞങ്ങൾ നടന്നു...മാടക്കടയിലെ അമ്മാവൻ ഭക്ത്യാദരവോടെ സാക്ഷാൽ സരിതയോട് എന്തൊക്കെയോ ചോദിയ്ക്കുന്നു..ഞങ്ങൾ വരുന്നത് കണ്ടിട്ടാവാം അവർ എഴുന്നേറ്റു ഞങ്ങൾക്കരികിലേയ്ക് വരുന്നു...ഞാനൽപം പിന്നിലേയ്ക് മാറി..റ്റീവീയിലൊക്കെ കാണുന്നതിനേക്കാൾ സുന്ദരിയാണ്...നേരിൽ കാണുമ്പോൾ ഒരു സിനിമാ നടിയുടെ ലുക്കൊക്കെയുണ്ട്..മുഖത്ത് ഒളിപ്പിച്ചു വച്ച ഒരു ചെറു പുഞ്ചിരി...ഞങ്ങൾക്ക് നേരേ നടന്നു വന്ന സരിത പെട്ടന്ന് റോഡിന്റെ സൈഡിൽ കിടന്ന നീല നിറമുള്ള കാറിൽ കയറി കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോയി..
ആകെ ചമ്മി നിൽക്കുന്ന ഞങ്ങളെ നോക്കി മാടക്കടയിലെ അമ്മാവൻ ഒരു ആക്കിയ ചിരി..
ചമ്മൽ മാറ്റാൻ ഞങ്ങൾ അമ്മാവന്റെ കടയിലേക്ക് കയറി, ഞങ്ങൾ ഇങ്ങോട്ടേയ്ക്കാ വന്നത് എന്ന മട്ടിൽ..അമാവൻ അത് വിശസിച്ചില്ലാ എന്ന് ചിരി കണ്ടപ്പോൾ മനസ്സിലായി..
" മോരും വെള്ളം ഉണ്ടോ?" ഞാൻ ചോദിച്ചു.
ഇല്ല! നാരങ്ങയെടുക്കട്ടെ? എന്ന് അമ്മാവൻ
കെട്ടിത്തൂക്കിയിരിയ്ക്കുന്ന നാരയ്ങ്ങാ കൂടയിൽ ഉണങ്ങി ചൊങ്ങിയ അഞ്ചാറ് നാരങ്ങകൾ...
അല്ലമ്മാവാ...ആ പോയത് നമ്മുടെ സരിതയല്ലേ?
" അങ്ങനെ വഴിയ്ക് വാ " എന്ന ഒരു നോട്ടത്തോടെ അമ്മാവൻ പറഞ്ഞു...
അവർ തിരുവനന്തപുരത്ത് ഏതോ കേസ്സിൽ ഹാജരായി മടങ്ങും വഴി കാർ കേടായി. ശരിയാകും വരെ ഇവിടെ വിശ്രമിച്ചതാ...
ഓഹോ അതാണു കാര്യം... ശരിയമ്മാവാ എന്നും പറഞ്ഞ് നാരങ്ങാവെള്ളം കുടിയ്ക്കാതെ ഞങ്ങൾ ദിലീപിനെക്കാണാൻ പോയി... സരിതയിരുന്ന ബഞ്ചിനു ചുറ്റും വട്ടം കറങ്ങി നിന്ന ലിഥിനെ പിടിച്ച് വലിച്ച് കൊണ്ട് പോകേണ്ടി വന്നു...
******************************
പിറ്റേ ദിവസത്തെ പത്രവുമായി ഗോപാൽജി വിളിച്ചുണർത്തി വായിച്ച് കേൾപ്പിച്ചത് ഇങ്ങനെ;
" സരിതയുടെ കാർ തടഞ്ഞ യുവാക്കൾക്കെതിരെ കേസ് "
കൊട്ടാരക്കര: സരിത സഞ്ചരിച്ച വാഹനം കേടായതിനേ തുടർന്ന് കരിയ്കത്തിനടുത്ത് നിർത്തിയിട്ടിരിയ്കുകയായ്‌രുന്നു. സന്ധ്യയായതിനാൽ സരിത കാറിനുള്ളിൽ തന്നെയിരിയ്ക്കുമ്പോൾ സമീപ വാസികളായ ഏതാനം സദാചാര പോലീസുകാർ അവരേ ചോദ്യം ചെയ്യുകയും, തുടർന്ന് നടന്ന സംഘർഷത്തിൽ "ഇന്ന വീട്ടിലെ ഇന്ന ആളേയും, മറ്റേ വീട്ടിലെ മറ്റേ ആളേയും" ( സർവ്വ എണ്ണത്തിന്റെയും പേരും വിലാസവും ഉൾപ്പടെ ) പോലീസ് അറസ്റ്റ് ചെയ്തു....
പിന്നീടുള്ള പലദിവസങ്ങളിലും ഇത്തരം സംഭവങ്ങൾ പത്രങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഭാഗ്യമുണ്ടാരുന്നേൽ ജോയിച്ചാന്റേയും മോന്റേയും അനന്തരവന്റേയും പേരും വീട്ടുപേരുമൊക്കെ പത്രത്തിൽ വന്നേനേ!!! അഞ്ച് വയസ്സേ ചെക്കനുള്ളെങ്കിലും കേരളാ പോലീസിനത് പ്രശ്നമല്ല. ഇന്നാളൊരു കോഴിയേ പ്രതിചേർത്ത് കേസെടുത്ത റ്റീംസാ" ഗോപാൽജിയുടെ വക...
ഗോപാൽജിയേടേം വന്നേനേ!!!!
എങ്ങനെ? ഞാനതിന് കാറിൽ നിന്നും പുറത്തിറങ്ങിയത് പോലും ഇല്ലല്ലോ?
" ഞങ്ങളുടെ പേരിനു ശേഷം ദേ ദിങ്ങനൊരു വരിയും കൂടി അവസാനം കാണും..
" ഗോപാൽജി എന്ന താടിക്കാരനായ പത്രപ്രവർത്തകനാണ് ഈ ഗൂഡാലോചനയ്ക്ക് പിന്നിലെന്ന് സരിത ആരോപിയ്കുന്നു. കാറിൽ നിന്നും താടിക്കാരൻ പുറത്തിറങ്ങാതിരുന്നതാണ് സരിത ഗൂഡാലോചന സംശയിക്കാൻ കാരണം എന്നും അറിവായിട്ടുണ്ട്!"
സമാധാനമായി ഗോപാൽജി പോയി...
പിന്നീട് പലപ്പോഴും അതുവഴി പോകുമ്പോൾ ഞങ്ങൾ അറിയാതെ " സരിത ഇരുന്നിടം " തേടി കണ്ണുകൾ പായും..അങ്ങനെ ആ സ്ഥലത്തിനു ഞങ്ങൾ " സരിത ഇരുന്നിടം" എന്ന് പേരിട്ട് സായൂജ്യമടഞ്ഞു.... പക്ഷേ ആ ബഞ്ച് പിന്നീട് കണ്ടിട്ടില്ല.
ആ അമ്മാവനോട് ചോദിച്ചാലോ എന്ന് ലിഥിൻ പലപ്പോഴും ആലോചിച്ചിട്ട് പോലുമുണ്ട്.
Monday, August 22, 2016
ഭക്തർ
ഭക്തർ
താനിതാ വർഷങ്ങൾക്കു ശേഷം അണ്ടൂരിലെ ആസ്ഥാന എഴുത്തുകാരനും, ചതയദിനാഘോഷത്തോടനുബന്ധിച്ചു നടത്താറുള്ള ദാമോദരാ മെമ്മോറിയൽ നാടകങ്ങളുടെ സ്ഥിരം രചയിതാവുമായ, ഉണ്ണിച്ചേട്ടനാൽ വായിക്കപ്പെടാൻ പോകുന്നു എന്നറിഞ്ഞ് എന്റെ കഥകൾ പുളകിതരായി. അലക്ഷ്യമായി ഉപേക്ഷിയ്ക്കപ്പെട്ട ഏതോ പേപ്പർ കൂട്ടത്തിലിരുന്ന് ഒന്നു ഞെളിഞ്ഞു. കഥകൾ തപ്പിയെടുത്ത് സമക്ഷത്തിൽ എത്തിച്ചു.
പിറ്റേദിവസം തന്നെ പരീക്ഷയുടെ റിസൾട്ട് അറിയാനുള്ള വിദ്യാർദ്ധിയുടെ ആകാംക്ഷയോടെ രാവിലെതന്നെ റേഷൻ കടയിലെത്തി. എന്റെ നാട്ടിലെ തന്നെ കഥാപാത്രങ്ങൾ അതേ പേരിൽ തന്നെ പ്രത്യക്ഷപ്പെടുന്നതിനാൽ ഉണ്ണിച്ചേട്ടനു സംഭവം ഇഷ്ടപ്പെട്ടെന്ന് അപൂർവ്വമായി മാത്രം ദർശിയ്ക്കാൻ കഴിയുന്ന ആ ചുണ്ട് ലേശം വക്രിച്ചുള്ള ചിരിയിൽ നിന്നും മനസ്സിലായി.
“കൊള്ളാമടാ!! ആദ്യപ്രതികരണത്തിൽ ഞാൻ പുളകമണിഞ്ഞു.
കുറച്ചുകൂടി ശരിയാവാനുണ്ട്!!! ( അണിഞ്ഞ പുളകം അഴിഞ്ഞു വീണു )
നീ എഴുതിയതിൽ ചിലത് പൂർത്തിയായിട്ടില്ല. അതിൽ തോട്ടത്തിൽ പാക്കരമ്മാവന്റെ സംഭവത്തിൽ കുറേ ഇനിയും എഴുതാൻ ഉണ്ട്.. ഏതോ സിനിമയിൽ മാമുക്കോയ ശ്രീനിവാസന്റെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞിടത്തേയ്ക്കാണ് കാര്യങ്ങളുടെ പോക്കെന്ന് എനിയ്ക്ക് മനസ്സിലായി. ( ആദ്യം സുന്ദരനാണെന്ന് തുടങ്ങി ” മോന്ത അന്നെപ്പോലെ ഇങ്ങനെ കരുവാളിച്ചിട്ട് അല്ല “ എന്നൊക്കെപ്പറഞ്ഞ് അവസാനം നീയൊരു മഹാ വിരൂപനാണെന്ന് പറഞ്ഞു വയ്ക്കുന്ന മാമുക്കോയ സ്റ്റൈൽ ) റേഷൻ കടയിൽ ആരോ വന്നു. ഉണ്ണിച്ചേട്ടൻ അവരോട് സംസാരിയ്ക്കാൻ പോയി. സാധാരണ ഏതു കച്ചവടസ്ഥാപനത്തിലും കസ്റ്റമേഴ്സ് വരുന്നത് കടക്കാർക്ക് വല്ല്യ സന്തോഷമാണ്. ഏന്നാൽ റേഷങ്കടക്കാർ പൊതുവേ വ്യത്യസ്തരാണ്. അരിയൊക്കെ ത്രാസ്സിൽ തൂക്കി സഞ്ചിയിലേയ്ക്ക് പകരുമ്പോൾ ” ഇപ്പോഴത്തേയ്ക്ക് കൊണ്ട് പൊയ്ക്കോ, മേലാൽ ഈ വഴിയ്ക്ക് ഇനി കണ്ടുപോകരുത് “ എന്ന മുഖഭാവമാണ്. ഉണ്ണിച്ചേട്ടൻ ഇക്കാര്യത്തിൽ ഒട്ടും വ്യത്യസ്തനല്ല.
ഉണ്ണിച്ചേട്ടൻ സാധനം തൂക്കിക്കൊണ്ടിരിയ്ക്കുമ്പോൾ കാഷ് കൗണ്ടറിലിരുന്ന അദ്ദേഹത്തിന്റെ ഭാര്യചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു, ജോയീ ഈ ചേട്ടൻ ചുമ്മാതെ പറയുന്നതാ...ഇന്നലെ രാത്രി മുഴുവൻ കുത്തിയിരുന്ന് മൊത്തം കഥകളും വായിച്ച് ചിരിയ്ക്കുന്നത് ഞാൻ കണ്ടതാ..( ചിരി പതിവില്ലാത്തതിനാലായിരിയ്ക്കും ചേച്ചിയും ശ്രദ്ധിച്ചത് ). ഞാനും വാങ്ങി വായിച്ചു. ഇതിൽ ചിലരൊക്കെ എന്നെ കെട്ടിക്കൊണ്ട് (ഉണ്ണിച്ചേട്ടന്റെ ഭാഷയിൽ ‘കെട്ടിയെടുത്തോണ്ട്’) വരുന്നതിന് മുൻപേ മരിച്ചു പോയവരാ..എന്നാലും ഇതിൽ പലതും ഞാനും കേട്ടിട്ടുള്ളതാ..
അഴിഞ്ഞുവീണ പുളകം ഇനിയും അണിയണോ എന്ന് ശങ്കിച്ചു നിന്നു. ഉണ്ണിച്ചേട്ടൻ ഇതു കേട്ട് ചെറുതായി പുഞ്ചിരിയ്ക്കുന്നുണ്ടായിരുന്നു. അരി വാങ്ങാൻ വന്ന സ്ത്രീ ഈ അപൂർവ്വ പുഞ്ചിരി കണ്ട്, മണ്ണെണ്ണകുപ്പിയും കൂടി കൊണ്ടു വരാത്തതിൽ കുണ്ഠിതപ്പെട്ടു.
ഇത്രയുമായപ്പോൾ ഉണ്ണിച്ചേട്ടൻ ഒന്നയഞ്ഞു. അണ്ടൂരിലെ പഴയകാല വീരനായകരുടെ കഥകൾ പലതും എന്നെ ഓർമ്മിപ്പിച്ചു. ഉണ്ണിച്ചേട്ടന്റെ വായിലൂടെ കഥ കേൾക്കാൻ വലിയ രസമാണ്. എന്റെ അഭാവത്തിൽ നാട്ടിൽ നടന്ന പല സംഭവങ്ങളും പറഞ്ഞുതന്നു. ” ഞാൻ തന്നെ എഴുതണമെന്ന് കരുതിയിരുന്നതാ..ഇനി വേണേൽ നീ എഴുതിയ്ക്കൊ! എന്ന ഒറ്റവാക്കിലൂടെ പകർപ്പവകാശവും അപ്പോൾത്തന്നെ കൈമാറി. ഞാൻ ധന്യനായി!
******************************************************
അങ്ങനെ നീണ്ട 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം മംഗലശ്ശേരി നീലകണ്ഡൻ മടങ്ങി വരുകയാണ്..(തെറ്റിദ്ധരിയ്ക്ക്ണ്ടാ..ഒരു ഫ്ളോയ്ക്കങ്ങ് എഴുതിപ്പോയതാ..)
ശശി!
അതാണ് നമ്മുടെ കഥാനായകന്റെ പേര്. സമീപകാലങ്ങളിൽ ക്രൂരവും പൈശാചികവുമായ് മല്ലൂസ് നിർദ്ദയം വലിച്ചു കീറി നശിപ്പിച്ച പേര്. എന്നാലും ഇദ്ദേഹത്തിന്റെ പേര് അത് തന്നെയാണ്.
നീണ്ട് മെലിഞ്ഞ ശരീരം. ഒരു വശത്തേയ്ക്ക് വെളിച്ചെണ്ണ തേച്ച് ഒതുക്കി വച്ചിരിയ്ക്കുന്ന തലമുടി. അല്പമേയുള്ളൂ എങ്കിലും അത് അനുസരണയോടെ തലയോട് ഒട്ടി അങ്ങനെയിരിയ്ക്കും. പ്രേം നസീർ സ്റ്റയ്‌ലിലുള്ള കമ്പിമീശ. ഒട്ടിയ വയർ. ബീഡി വലിച്ച് കറുത്തുപോയ ചുണ്ടുകൾ. നല്ല വെളുത്ത നിറം. നെറ്റിയില്‍ രണ്ടുവരി ചന്ദനക്കുറി, എപ്പോഴും ഹാപ്പി. പേര് ശശിയെന്നാണങ്കിലും നാട്ടിൽ അറിയപ്പെടുന്നത് “ ഭക്തർ ” എന്ന പേരിലാണ്. കേൾക്കുമ്പോൾ 2 പേർ ഉണ്ട് എന്ന് തോന്നുമെങ്കിലും ശശി ഒറ്റ ആൾ ആണ്. സ്ഥിരമായി കാലിൽ ഒരു വെള്ളത്തുണികൊണ്ടുള്ള കെട്ട് കാണും.( ഷുഗറിന്റെ അസ്ക്യതയാണെന്നൊക്കെ മനസ്സിലാക്കിയത് വർഷങ്ങൾക്ക് ശേഷമാണ്.)
ഭക്തർ നാട്ടിലെ അമ്പലങ്ങളിലും, വീടുകളിലും ഭജനയ്ക്കും, ഭാഗവതപാരായണത്തിനും സ്ഥിരമായി പോകാറുണ്ട്. അതാണ് സ്ഥിരം വരുമാന മാർഗ്ഗം. ഈ രണ്ടു കാര്യങ്ങളും വളരെ ഭംഗിയായി ചെയ്യാറുമുണ്ട്. നന്നായി പാട്ടും പാടും. “ രാധതൻ പ്രേമത്തോടാണോ...കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ..പറയൂ നിനക്കേറ്റം ഇഷ്ടം..പക്ഷേ പകൽ പോലെ ഉത്തരം സ്പഷ്ടം..” എന്ന് ഭക്തർ പാടുമ്പോൾ, സാക്ഷാൽ കൃഷ്ണഭഗവാൻ പോലും കൺഫ്യൂഷനടിച്ചുപോകും!. വല്ലപ്പോഴും ചില ചെറിയ കുടുംബ ക്ഷേത്രങ്ങളിൽ പൂജാരിയായും പിന്നീട് സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ട്. പൂജാദികർമ്മങ്ങളിൽ ഭക്തരെ സഹായിയ്ക്കാൻ അമ്മാവന്റെ മകൻ അജയും പരികർമ്മിയായി പോകാറുണ്ട്.
അങ്ങനെയിരിയ്ക്കെ...വീടിനടുത്തുതന്നെയുള്ള ഒരു കുടുംബക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾക്കായി ഭക്തരെ ക്ഷണിയ്ക്കുന്നു. പരികർമ്മിയുമൊത്ത് സ്ഥലത്തെത്തിയ ഭക്തർ പൂജയ്ക്കാവശ്യമായ സാധനങ്ങളൊക്കെ ഒരുക്കി. സന്ധ്യയോടെ പൂജാനടപടികൾ ആരംഭിച്ചു. ശ്രീകോവിലിനുള്ളിൽ കയറി ഭക്തർ നടയടച്ചു. കുടുംബാംഗങ്ങളും, ബന്ധുജനങ്ങളും അയല്ക്കാരുമൊക്കെയായി അൻപതോളം ആളുകൾ തൊഴുകയ്യുമായി ശ്രീകോവിൽ നട തുറക്കുന്നതും കാത്ത് ഭക്ത്യാദരപൂർവ്വം കാത്തു നില്ക്കുന്നു.പരികർമ്മി അജ ഒരുക്കിയ കർപ്പൂര സുഗന്ധം പരിസരമാകെ പരന്നു..സമയമായിട്ടും ശ്രീകോവിൽ നട തുറക്കുന്നില്ല...ആളുകൾ പതുക്കെ അക്ഷമരാകാൻ തുടങ്ങി... പരികർമ്മി അജ, ആദ്യ കർപ്പൂരം മുഴുവൻ എരിഞ്ഞു തീർന്നതിനാൽ “ഇപ്പ ശ്ശെര്യാക്കിത്തരാ” മെന്ന പപ്പു സ്റ്റൈലിൽ, രണ്ടാമതും പാത്രത്തിൽ കർപ്പൂരമിട്ട് കത്തിച്ചു..
പരികർമ്മി അജയ്ക്ക് എന്തോ സംശയം തോന്നി ശ്രീകോവിലിന്റെ നട പതുക്കെ തുറന്ന് തലയിട്ട് അകത്തേയ്ക്ക് നോക്കി. കട്ടൻ ബീഡിയുടെ ഗന്ധം അത്യാവശ്യം പുകയോടെ പുറത്തേയ്ക്കു പോയി...ഭക്തർ ഇതാ സാക്ഷാൽ ശബരിമല അയ്യപ്പസ്വാമി ഇരിയ്ക്കുന്നപോലെ ഇരുന്ന് ബീഡി വലിച്ച് പുകയൂതി വിടുന്നു..സുഖ സുഷുപ്തിയിലാണ്ടിരുന്നു ചെറുതായി മയങ്ങിപ്പോയ ഭക്തർ പുകയ്ക്കിടയിലൂടെ നീണ്ടുവരുന്ന അജയുടെ തല കണ്ട് പരിഭ്രാന്തനായി ചാടി എഴുന്നേറ്റ് ശ്രീകോവിലിന്റെ വെളിയിലിറങ്ങി അട്ടഹസിച്ചു..“ കർപൂരമെവിടെടാാാ ” രണ്ടുതവണ പുകച്ചതിനാൽ സാമാന്യം നന്നായി ചൂടു പിടിച്ചിരുന്ന കർപ്പൂരപ്പാത്രമെടുത്ത് ഭക്തരുടെ നീട്ടിയ കയ് വെള്ളയിലേയ്ക്ക് അജ വച്ചുകൊടുത്തു. പൂജനടത്തിയത് മഹാഗണപതിയ്ക്കായിരുന്നെങ്കിലും കൈവെള്ള പൊള്ളിയ ഭക്തർ “ദേവ്വ്യേ” എന്ന് അലറിവിളിച്ച് കർപ്പൂരപ്പാത്രമെടുത്ത് മുകളിലേയ്ക്കെറിഞ്ഞു. കർപ്പൂരദംശമേറ്റ വിശ്വാസികൾ ചിതറിയോടി...ജീവനുംകൊണ്ടോടിയ പരികർമ്മിയെത്തേടി കൈപൊള്ളിയ ഭക്തരും...!
Wednesday, November 10, 2010
ഇക്കാമയും ഞാനും
ദില്ലിയിലെ ശക്കര്‍പൂരിലുള്ള ഞങ്ങളുടെ വാടകവീട്ടില്‍ എക്സ് സൗദിയായ ഒരച്ചായനു ചുറ്റും ഞങ്ങള്‍ മൂന്നുനാലുപേര്‍ കൂടിയിരിയ്ക്കുന്നു. അച്ചായന്‍ തന്റെ പ്രവാസ ജീവിതാനുഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് താരതമ്യേന പ്രായംകുറഞ്ഞ ഞങ്ങളെ കേള്‍പ്പിയ്ക്കുകയാണ്. ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത ജവാന്‍ തന്‍റെ വീരകഥകള്‍ അവതരിപ്പിയ്ക്കുന്ന മട്ടിലാണ് അച്ചായന്‍ കാര്യങ്ങള്‍ അവതരിപ്പിയ്ക്കുന്നത്. വല്ല്യ വില്ലന്മാരെന്നു സ്വയം വിശ്വസിയ്ക്കുന്ന ഞങ്ങളെ ഇടയ്ക്കിടെ “ നീയൊക്കെ വെറും പില്ലാരാടാ ” എന്ന രീതിയില്‍ ഏറുകണ്ണിലൂടെ നോക്കുന്നുമുണ്ട്. ഇതിനിടയിലെപ്പൊഴോ സൗദിയില്‍ ജോലിചെയ്യുമ്പോള്‍ ഇക്കാമയില്ലാതെ പുറത്തിറങ്ങിയതിനു അച്ചായനെ പോലീസ് പിടിച്ചതും ജയിലില്‍ കിടന്നതും മറ്റും വിശദീകരിച്ചു.
ഞാന്‍ ആദ്യം കരുതിയത് നമ്മുടെ റോസമ്മ, മറിയാമ്മ, ചിന്നമ്മ, പോലെ ഇദ്ദേഹത്തിന്റെ ഭാര്യയെങ്ങാനമായിരിയ്ക്കും ഇക്കാമയെന്ന്‍. പിന്നെ മനസ്സിലായി ഇക്കാമ ഞാന്‍ വിചാരിച്ചതിനേക്കാള്‍ കേമിയാന്നെന്ന്‍.
നമ്മള്‍ വിദേശികള്‍ സൗദിയില്‍ താമസിയ്ക്കണമെങ്കില്‍ ഇക്കാമ വേണം. നമ്മടെ റേഷന്‍ കാര്‍ഡിന്റെ ഒരു കുഞ്ഞു പതിപ്പ്. എ.പി .എല്ലുകാരനും, ബി.പി.എല്ലുകാരനും വ്യതാസമില്ലാതെ എല്ലാ വിദേശികളും ഇത് കൈവശം വയ്ക്കണം. റേഷന്‍ ഒട്ടു കിട്ടുകയുമില്ല. നമ്മളെപ്പറ്റിയുള്ള എല്ലാ അത്യാവശ്യ വിവരങ്ങളും ഇതില്‍ കാണും. ചുമ്മാ സൗദിയില്‍ ചെന്ന് ഏതെങ്കിലും കടയില്‍നിന്നു വാങ്ങാന്‍ കിട്ടുന്ന സാധനമല്ല ഇക്കാമ. നമ്മളെ സൗദിയില്‍ എത്തിയ്ക്കുന്ന മൊതലാളി വിചാരിച്ചാലേ അത് സംഘടിപ്പിയ്ക്കാന്‍ പറ്റൂ. പക്ഷെ അവര് വിചാരിയ്ക്കണം!!!! ( ഇപ്പോള്‍ ഇക്കാമ നമ്മുടെ ക്രെഡിറ്റ് കാര്‍ഡ് വലിപ്പത്തിലാക്കി ) അച്ചായന്‍ പോയിക്കഴിഞ്ഞും വേറെ പണിയൊന്നുന്നുമില്ലാതതിനാല്‍ ഞാനിരുന്നു ചിന്തിച്ചു.
നമ്മള് വിദേശികള്‍ സൗദിയില്‍ താമസിയ്ക്കണമെങ്കില്‍ ഇക്കാമ വേണം. നമ്മടെ റേഷന്‍ കാര്‍ഡിന്റെ ഒരു കുഞ്ഞു പതിപ്പ്. എ.പി .എല്ലുകാരനും, ബി.പി.എല്ലുകാരനും വ്യതാസമില്ലാതെ എല്ലാ വിദേശികളും ഇത് കൈവശം വയ്ക്കണം. റേഷന്‍ ഒട്ടു കിട്ടുകയുമില്ല. നമ്മളെപ്പറ്റിയുള്ള എല്ലാ അത്യാവശ്യ വിവരങ്ങളും ഇതില്‍ കാണും. ചുമ്മാ സൗദിയില്‍ ചെന്ന് ഏതെങ്കിലും കടയില്‍നിന്നു വാങ്ങാന്‍ കിട്ടുന്ന സാധനമല്ല ഇക്കാമ. നമ്മളെ സൗദിയില്‍ എത്തിയ്ക്കുന്ന മൊതലാളി വിചാരിച്ചാലേ അത് സംഘടിപ്പിയ്ക്കാന്‍ പറ്റൂ. പക്ഷെ അവര് വിചാരിയ്ക്കണം!!!! ( ഇപ്പോള്‍ ഇക്കാമ നമ്മുടെ ക്രെഡിറ്റ് കാര്‍ഡ് വലിപ്പത്തിലാക്കി ) അച്ചായന്‍ പോയിക്കഴിഞ്ഞും വേറെ പണിയൊന്നുന്നുമില്ലാതതിനാല്‍ ഞാനിരുന്നു ചിന്തിച്ചു.
അല്ലെങ്കിലും ഞാനെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളാലോചിച്ച് തല പുണ്ണാക്കുന്നത്? ദില്ലിയില്‍ കിടന്നു വാളുവെച്ചു വീരചരമം പ്രാപിക്കേണ്ടി വന്നാലും, ഇന്ത്യക്കു വെളിയില്‍ പോയി ജീവിയ്ക്കില്ലാ എന്ന്‍ ഞാന്‍ ശപഥം എടുത്തിരുന്ന കാര്യം എനിയ്ക്കറിയാമായിരുന്നു. എന്റെ കാര്യമല്ലേ, ഇനി വെറുതെയെങ്ങാനം എന്‍റെ മനസ്സുമാറിയാലോ എന്ന് കരുതി പാസ്പോര്‍ട്ട് പോലും എടുത്തിരുന്നില്ല.
അങ്ങനെ നമ്മള് വിചാരിയ്ക്കുന്നത് മാത്രം നടക്കാനാനെങ്കില്‍ ഉടയതമ്പുരാനെന്തിനാ മോളിലിരിയ്ക്കുന്നത്!!
എല്ലാം വളരെപ്പെട്ടന്നായിരുന്നു.
വിവാഹം കഴിഞ്ഞതോടെ ഞാന്‍ ഞാനല്ലാതായി മാറിയത് ഞാന്‍ പോലുമറിയുന്നത് സൗദിയിലെ ജിദ്ദയിലെത്തി നാലു വര്‍ഷം കഴിഞ്ഞുള്ള ഒരു പാതിരാത്രിയിലായിരുന്നു.
വിവാഹത്തിന് കൃത്യം ഒരുവര്‍ഷം മുന്‍പേ മാന്യനും, മാന്യനാകുന്നതിനും രണ്ടുമാസം മുന്‍പേ മര്യാദക്കാരനുമായി മാറിക്കഴിഞ്ഞിരുന്ന ഞാന്‍, ഭാര്യയുടെ പ്രലോഭനങ്ങളില്‍പെട്ടു സൗദിയിലെത്തപ്പെട്ട വെറും കുഞ്ഞാട് മാത്രമാണന്നു എനിയ്ക്ക് ബോധ്യപ്പെട്ടത് അന്ന് രാത്രിയിലാണ്. സ്റാഫ് നേഴ്സായി തൊട്ടടുത്ത ആശുപത്രിയില്‍ ജോലിചെയ്യുന്ന എന്റെ ഭാര്യയെ, ഈവനിംഗ് ഡ്യൂട്ടി കഴിഞ്ഞ് അവള്‍ മിസ്കോള്‍ അടിയ്ക്കുമ്പോള്‍ ഞാന്‍ പോയി കൂട്ടിക്കൊണ്ടുവരും. ഞാന്‍ മിസ്കോളും പ്രതീക്ഷിച്ച് റൂമില്‍ ഉലാത്തുകയായിരുന്നു. മലയാളിയായ മുതലാളിയുടെ ഹോസ്പിറ്റല്‍ ആയത് കാരണം എട്ടു മണിയ്ക്കൂറിനു പകരം ഒന്‍പതു മണിയ്ക്കൂര്‍ ജോലി ചെയ്‌താല്‍ മതി! അത്രയും ആശ്വാസം!!
സമയം അര്‍ദ്ധരാത്രി ഒരുമണി. കോട്ടയം പുഷനാഥിന്റെ അപസര്‍പ്പകകഥയിലെപ്പോലെ ആരോ കതകില്‍ മുട്ടുന്നു.
ഡും ............................ഡും.................................ഡും.................................
ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന മൊബൈല്‍ റിംഗ്‌ടോണ്‍ പ്രതീക്ഷിച്ചിരുന്ന ഞാന്‍ വളരെ ചെറുതായി ഒന്ന് ഞെട്ടി.! പെട്ടന്ന് ഞാന്‍ ഡിക്ടറ്റീവ് പുഷ്പരാജായി. മൊബൈല്‍ കയ്യിലെടുത്തു. കതകിലെ ചെറിയ ലെന്‍സ് സുഷിരത്തിലൂടെ നോക്കി...വലിയതോതില്‍
ഞെട്ടി!!!!!
ജവാസത് !!!
ഉംറ നിര്‍വഹിച്ചു കഴിഞ്ഞിട്ടും അതാത് ദേശങ്ങളിലെയ്ക്ക് മടങ്ങിപ്പോകാത്ത വിരുതന്മാരെ പിടികൂടി നാട്ടിലയയ്ക്കാന്‍ നിയുക്തരായ പാസ്പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥരാണ് ജവാസത്. ഏതു അനധികൃതനെയും അവര്‍ക്ക് പിടിയ്ക്കാം.
ഞെട്ടി!!!!!
ജവാസത് !!!
ഉംറ നിര്‍വഹിച്ചു കഴിഞ്ഞിട്ടും അതാത് ദേശങ്ങളിലെയ്ക്ക് മടങ്ങിപ്പോകാത്ത വിരുതന്മാരെ പിടികൂടി നാട്ടിലയയ്ക്കാന്‍ നിയുക്തരായ പാസ്പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥരാണ് ജവാസത്. ഏതു അനധികൃതനെയും അവര്‍ക്ക് പിടിയ്ക്കാം.
പള്ളീലച്ചന്റെ ലോഹധരിച്ച മൂന്നുപേര്‍. കാക്കി ധരിച്ച, തോക്ക് പിടിച്ച നാലുപേര്‍.
ഡും.ഡും.ഡും.ഡും.ഡും ഡും ഡും ദുംടിം ...
നാടിലെ ഉത്സവങ്ങള്‍ക്ക് ചെണ്ടകൊട്ടുംപോലെ കതകില്‍ കൊട്ടല്‍ തുടര്‍ന്നു....
ഞാന്‍ കതകു തുറന്നു..
ഫേന്‍ ഇക്കാമാ ???? ചോദ്യം കൊറസിന്റെ അകമ്പടിയോടെ!!
ഇക്കാമ എന്ന്‍ കേട്ടതും എന്റെ കണ്ണിലെ കറണ്ട് പോയി!! രണ്ടുദിവസം മുന്‍പ് ഇക്കാമ പുതുക്കുവാനായി കമ്പനിയുടെ റിയാദ് ഒഫീസിലേക്കയച്ചിരിയ്ക്കുകയാണ്. പുതുക്കിക്കിട്ടാന്‍ കുറച്ചു ദിവസമെടുക്കും. തല്‍ക്കാലത്തേക്ക് ഒരു പേപ്പര്‍ അറബിയിലെഴുതി ഒപ്പും സീലും വച്ച് കമ്പനി തന്നത് എന്റെ കൈവശം ഉണ്ട്. ഡ്യൂട്ടിയ്ക്ക് പോയപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഭദ്രമായി വച്ചിട്ടുമുണ്ട്. തല്‍ക്കാലം അതെടുത്ത് കാണിച്ചു നോക്കാം. പക്ഷെ ഒരു കുഴപ്പം. നിന്ന നില്‍പ്പില്‍ ഞാനൊരു പ്രതിമയായി മാറി. മൂന്നു നിലകളുള്ള ഞങ്ങളുടെ ഫ്ലാറ്റില്‍ നിന്നും ഒന്നുരണ്ടുപേരെ ജവാസത്ത് ഉദ്യോഗസ്ഥര്‍ പൊക്കി. മൂന്നാം നിലയില്‍ നിന്നും താഴേയ്ക്കും അതുവഴി സുഡാനിലേയ്ക്കും ഓസിനു പോകാമല്ലോ എന്ന സന്തോഷത്തില്‍, രണ്ടാം നിലയിലുള്ള എന്നെ സഹതാപത്തോടെ നോക്കി ഉംറയ്ക്ക് വന്ന ഒരു സുഡാനിയമ്മച്ചി പോയ പോക്കില്‍ ഒന്ന് ചിരിച്ചു. പ്രതിമയ്ക്ക് ചിരിയ്ക്കാനോ ശുഭയാത്ര ആശംസിക്കാനോ കഴിയില്ലല്ലോ! മാവേലിക്കര കൃഷ്ണന്‍കുട്ടി നായരെപ്പോലെയിരിയ്ക്കുന്ന ഒരു ജവാസാത്തന്റെ നേതൃത്വത്തില്‍ അവര്‍ ഇതിനിടയില്‍ എന്തൊക്കെയോ എന്നോടു ചോദിയ്ക്കുന്നു. ഭാഗ്യവശാല്‍ എനിക്ക് അറബിയോ അവര്‍ക്ക് ആംഗലേയമോ അറിയില്ല. പിന്നെ ചോദ്യങ്ങള്‍ മുദ്രകളിലായി. ഉത്തരം കിട്ടാതായപ്പോള്‍ ചോദ്യങ്ങള്‍ എല്ലാം തീര്‍ന്നു.
പ്രതിമയായ എന്നെ ഒരു സൈഡിലേയ്ക്ക് നീക്കിവച്ച് അവര്‍ അകത്തുകടന്നു. മുറികളില്‍ പരിശോധന തുടങ്ങി. ഫ്ലാറ്റിലെ ഒരു മുറി, ഭാര്യയുടെയൊപ്പം ജോലിചെയ്യുന്ന ഒരു ഫിലിപ്പീനി ഫാമിലിയ്ക്ക് ഞങ്ങള്‍ വാടകയ്ക്ക് കൊടുത്തിരുന്നു. രണ്ടുപേരും അന്നത്തെ ദിവസം നൈറ്റ്‌ഡ്യൂട്ടിയ്ക്ക് പോയിരുന്നു. ആ മുറി തുറന്നുകാണിയ്ക്കാന്‍ കൃഷ്ണന്‍ കുട്ടി നായര്‍ ആവശ്യപ്പെട്ടു. ഇത്രയും കാലമായിട്ടും, പൂട്ടിയിട്ടിരിയ്ക്കുന്ന മുറി ചാവിയില്ലാതെ തുറക്കാന്‍ പഠിയ്ക്കാത്ത എന്നെ എന്തിനു കൊള്ളാം!!! ഞാന്‍ എന്നെ കുറ്റപ്പെടുത്തി. ദുര്‍ബലമായ തന്റെ കാല് പൊക്കി കൃഷ്ണന്‍ കുട്ടി നായര്‍ വാതിലില്‍ തൊഴിയ്ക്കാന്‍ ആരംഭിച്ചു...തുറക്കടീ കതക് എന്നോ തുറക്കടാ കതക് എന്നോ ആക്രോശിച്ചു കൊണ്ടാണ് ചവിട്ടുകള്‍ എന്ന്‍ എനിയ്ക്ക് മനസിലായി.
ഇതിനിടയിലെപ്പോഴോ എന്റെ കണ്ണിലെ കറണ്ടുവന്നു. സ്ലോമോഷനില്‍ പ്രതിമ ചലിച്ചു. കമ്പനി തന്ന പേപ്പര്‍ കാണിച്ചു കൊടുത്തു. പോരാ ... ഞാന്‍ വര്‍ക്കുചെയ്യുന്ന ഹോസ്പിറ്റലില്‍ നിന്നും എനിയ്ക്ക് ലഭിച്ച വിശിഷ്ട സേവാ മെഡലുകള്‍ കാട്ടി. ( സത്യം! ) വാളും പനയുമുള്ള എന്റെ വിസിറ്റിംഗ് കാര്‍ഡ് കാട്ടി. പോരാ..പോരാ..
ഫേന്‍ ഇക്കാമ???????
ഇപ്പം ശരിയാക്കിതരാം എന്ന മട്ടില്‍ ധൈര്യം സംഭരിച്ച് ഭാര്യക്ക് വിളിയ്ക്ക്കാനൊരുങ്ങിയ എന്നെ, നല്ലവനായ ഒരു ജവാസത്തന്‍ മാ നിഷാദ എന്ന് വിലക്കി. മൊബൈല്‍ എന്റെ കയ്യില്‍ നിന്നും വാങ്ങി ഓഫ് ചെയ്തു തിരിച്ചുതന്നു. - സാധാരണ തിരിച്ചു കൊടുക്കാറില്ലത്രേ! മറ്റൊരാള്‍ കമ്പ്യൂട്ടര്‍ ടേബിളിന്റെ മുന്നിലെത്തി ഒരു സ്കയില്‍ല് എടുത്ത്, മോനിട്ടറിന്റെ തട്ടം അല്പം പൊക്കി “ ഇതിനകത്ത് വല്ലതുമുണ്ടോടെയ്? “ എന്ന്‍ തല അല്പം ചരിച്ച് കണ്ണുകൊണ്ട് എന്നോട് ചോദിച്ചു. “ ഹേയ് ഞാനത്തരക്കാരനല്ല “ എന്ന് ഞാന്‍ കണ്ണുകൊണ്ട് ഉത്തരവും കൊടുത്തു. അപ്പോഴാണ് ദില്ലിയിലെ പ്രശസ്തമായ സ്റ്റുഡിയോയില്‍ നിന്നും ലാമിനേറ്റ് ചെയ്തു കൊണ്ടുവന്ന ഞങ്ങളുടെ കല്യാണഫോട്ടോ അയാളുടെ ശ്രദ്ധയില്‍ പെട്ടത്. കണ്ടാല്‍ ചെറിയ ബംഗാളി ചായയുള്ള ഞാന്‍ തന്നെയാണ് ഫോട്ടോയില്‍ എന്റെ ഭാര്യയോടൊപ്പം എന്ന്‍ ഉറപ്പുവരുത്തി കൈകൊണ്ട് മുദ്രകാട്ടി ഒരു ചോദ്യം.
മാര്യേജ് സര്‍ട്ടിഫിക്കറ്റ് എവിടെ???
അറബിക്കഥകളി ഞാന്‍ പഠിച്ചുതുടങ്ങി. സര്‍ട്ടിഫിയ്ക്കറ്റെടുക്കാന്‍ പെട്ടി തുറക്കുമ്പോള്‍ ഫോട്ടോയില്‍ നോക്കി “ ഹോര്‍മാ കോയിസ് “ പൊണ്ടാട്ടി കൊള്ളാമഡേയ് “ എന്ന കോമ്പ്ലിമെന്റും അയാള്‍ തന്നു. ( ഓ അത്രയ്ക്കൊന്നും ഇല്ലാ എന്ന് ഞാനും ആശ്വസിച്ചു. )
എന്തായാലും മാര്യേജു സര്‍ട്ടിഫിക്കറ്റ് ഏറ്റു എന്ന്‍ എനിയ്ക്ക് മനസിലായത്, ചപ്പല് മാറ്റി ഷൂ വേണമെങ്കില്‍ ഇട്ടോളൂ എന്ന് പറഞ്ഞപ്പോഴാണ്! എന്റെ കാര്യത്തില്‍ എന്തായാലും തീരുമാനമായി. ആനവണ്ടിയില്‍ കയറി നേരെ തര്‍ഹീല്‍ എന്നറിയപ്പെടുന്ന, അനധികൃതരെ പാര്‍പ്പിയ്ക്കുന്ന താല്‍ക്കാലിക ജയിലിലെയ്ക്കും, അവിടെ നിന്നും ഇന്ത്യയിലെ ഏതെങ്കിലും എയര്‍പ്പോര്‍ട്ടിലേയ്ക്കും കയറ്റിവിടും. അത് ഡല്‍ഹിയിലേക്കാവരുതേ കര്‍ത്താവേ എന്ന് മാത്രം ഞാന്‍ പ്രാര്‍ത്ഥിച്ചു.
എനിയ്ക്കുമുന്പ് ജയില്‍വാസം അനുഭവിച്ചിട്ടുള്ള സഖാവ് വി. എസ്. അച്യുതാനന്ദന്‍ സ: പിണറായി വിജയന്‍, കൂടല്‍ ബിജോയ് എന്നിവരെ ഞാന്‍ മനസ്സില്‍ സ്മരിച്ചു – കൂടല്‍ ബിജോയി എന്റെ ഫ്രെണ്ടാണ്, ജവാസത് ജയിലില്‍ അനേകതവണവസിച്ചിട്ടുള്ള കൂടല്‍ ബിജോയി ഇപ്പോള്‍ “ എന്റെ ജവാസത്തുസ്മരണകള്‍ “ എന്ന പുസ്തകത്തിന്റെ രചനയിലാണ്-
അപ്പോഴേയ്ക്കും മാവേലിക്കര കൃഷ്ണന്‍ കുട്ടി നായര്‍ പണിപറ്റിച്ചു. കതകു തൊഴിച്ചു തൊഴിച്ചു ഒരാര്‍ത്തനാദത്തോടെ ഫിലിപ്പീനിയുടെ റും പൊളിച്ച് അകത്തു കടന്നു. അവര്‍ കഷ്ടകാലത്തിനു മുറിയിലെങ്ങാനം ഉണ്ടായിരുന്നെങ്കില്‍ ഫിലിപ്പീനി എംബസിയ്ക്ക് പണിയായേനെ. ദൈവം സഹായിച്ച് നമ്മക്ക് ചോദിയ്ക്കാനും പറയാനും ആരുമില്ലാതതുപോലെ നമ്മുടെ എംബസിയ്ക്കും ചോദിയ്ക്കാനും പറയാനും ആരുമില്ലാതതിനാല്‍ രക്ഷപെട്ടു. ഞാനാര്? വെറും പതിനാറു ലക്ഷത്തിലൊരുവന്‍!! എന്റെ മാന്യതയും കൂതറ വേഷവും കണ്ടു മനസ്സലിഞ്ഞായിരിയ്ക്കണം നല്ല വസ്ത്രങ്ങളും ധരിച്ചോളാന്‍ അനുവാദം തന്നു. അങ്ങനെ ആഘോഷമായി ഞങ്ങള്‍ പോകാനൊരുങ്ങുമ്പോള്‍ അതാ വെള്ളവസ്ത്രം ധരിച്ച പുലിക്കുട്ടിയെപ്പോലെ യൂണിഫോമില്‍ തന്നെ ചീറിപ്പാഞ്ഞു വരുന്നു. എന്റെ ഫാര്യ!!! (ഞങ്ങള്‍ കൊല്ലക്കാര്‍ക്ക് ഭാര്യയില്ലല്ലോ!) കൂട്ടിക്കൊണ്ടുവരാന്‍ ഞാന്‍ ചെല്ലാത്തതിനാലും, മൊബൈല്‍ ഓഫു ചെയ്ത്/ചെയ്യിച്ച് വച്ചിരുന്നതിനാലും എന്നോടുള്ള ദേഷ്യം മുഴുവന്‍ ആദ്യം കണ്ട ജവാസത്തനോട് അവള്‍ തീര്‍ത്തു. ” ഇതെന്താ വെള്ളരിയ്ക്കാപ്പട്ടണമോ ? ഇവിടെ നിയമമില്ലേ ? നീതിയില്ലേ ??? ഫാര്യയില്ലാത്ത നേരം നോക്കി വീട്ടില്‍ കേറി ന്റെ മാപ്ലേ പീഡിപ്പിയ്ക്കാന്‍ / പേടിപ്പിയ്ക്കാന്‍, നിങ്ങള്‍ക്കെന്ത്ധികാരം? തോന്നിവാസം കാണിയ്ക്കുന്നോ ????
സത്യം പറഞ്ഞാല്‍ എവളിത്രേം വല്യ പുപ്പുലിയാണന്നു ഞാനറിഞ്ഞത് അന്നാണ്. മീശ മാധവനില്‍ നമ്മടെ ദിലീപ് ബുഷിനോട് പറഞ്ഞപോലുള്ള ഒറിജിനല്‍ അറബി!!! സബാഷ് ബേട്ടീ സബാഷ്!! തന്റെ ഭര്‍ത്താവിനെ തിരികെ കൊണ്ടുവരാന്‍ സാക്ഷാല്‍ യമധര്‍മ്മനോട് വഴക്കുണ്ടാക്കിയ ഉത്തമഭാര്യയായ സാവിത്രി ഇതാ സൗദിയില്‍ ഒരു കേരളനാരിയിലൂടെ പുനര്‍ജനിച്ചിരിയ്ക്കുന്നു!! പെണ്‍വര്‍ഗത്തോട് പൊതുവേ ബഹുമാനവും അത്യാവശ്യം പേടിയും ഉള്ള സാറന്മാര്‍ അല്പമൊന്നടങ്ങി.
( സൗദി പോലീസിന്റെ തോക്കിനുമുന്നില്‍ ഇങ്ങനെ സംസാരിയ്ക്കാന്‍ നിനക്കെങ്ങനെ ദൈര്യം വന്നു കുട്ടീ എന്ന് ഞാന്‍ പിന്നീട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു “ കഴിഞ്ഞ നാലു വര്‍ഷങ്ങളായി ആറ്റംബോംബ് കൈകാര്യം ചെയ്യുന്ന എനിയ്ക്കാ ഈ ഒണക്കതോക്കിനെ പേടി!! )
സംഗതി അറബിയില്‍ത്തന്നെ അവള്‍ അവതരിപ്പിച്ചെങ്കിലും അടുത്ത പ്രശ്നം ഉടലെടുത്തു. അവടെ കയ്യിലും ഇക്കാമയില്ല!. പിറ്റേ ദിവസം അവളുടെ മാതാപിതാക്കളെ സന്ദര്‍ശിയ്ക്കാന്‍ ദുബായിലേയ്ക്ക് പോകാന്‍ വേണ്ടി ഇക്കാമ ഹോസ്പിറ്റലില്‍ മടക്കിനല്‍കി പാസ്പോര്‍ട്ട് വാങ്ങി വരുന്ന വരവിലാണ് ഈ സംഭവങ്ങള്‍. പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തിരിയ്ക്കുന്ന എക്സിറ്റ് റീഎന്‍ട്രി വിസ കാട്ടിയിട്ടും ജവാസത്തിനു തൃപ്തിയായില്ല.
ഫേന്‍ ഇക്കാമാ ???
ഞാന്‍ ഈ നാട്ടുകാരനേയല്ല എന്ന മട്ടില്‍ നാട്ടില്‍ പോകാന്‍ നില്‍ക്കുന്ന
എന്നെ നോക്കി ജവാസാത്ത് അവളോട് ഒറ്റ ചോദ്യം.
എന്നെ നോക്കി ജവാസാത്ത് അവളോട് ഒറ്റ ചോദ്യം.
ഇവന്‍ നിന്റെ ആരാ?????
കൊട്ടാരക്കര ജൂബിലീ മന്ദിരത്തില്‍വച്ച് നല്ല ഒന്നാംതരം പള്ളീലെ അച്ഛന്മാര്‍ ആശീര്‍വദിച്ച് കല്യാണം കഴിപ്പിച്ച്, തെളിവായിതന്ന വിവാഹ സര്‍ട്ടിഫിക്കേറ്റില്‍ നോട്ടറി വക്കീലിനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി, കേരള ഗവണ്മെന്റിന്റെ ആഭ്യന്തിരവകുപ്പില്‍ നിന്നും സീലും പതിപ്പിച്ചു, കേന്ദ്രത്തില്‍ നിന്നും വിദേശകാര്യ വകുപ്പിന്റെ അനുമതിയും വാങ്ങി, അറബിയിലേയ്ക്ക് ഭാഷാന്തരം ചെയ്ത്, സൗദി വിദേശകാര്യമന്ത്രാലായത്തിന്റെ നാല്‍പ്പതു റിയാല്‍ സ്റ്റാമ്പും പതിപ്പിച്ച് വിശുദ്ധമാക്കപ്പെട്ട വിഹാഹ സര്‍ട്ടിഫിക്കറ്റില്‍ നോക്കിയാണ് ചോദ്യം!!
അവള്‍ ഉത്തരം നല്‍കി..
ഇതെന്റെ ജോസ്!
ഇപ്പോഴാണ് ഞാന്‍ ശരിയ്ക്കും ഞെട്ടിയത്!!!! ( മുന്‍പുണ്ടായ ചെറുതും വലുതുമായ എല്ലാ ഞെട്ടലുകളും ഞാന്‍ മായിച്ച്ചുകളയുന്നു. ) എന്റെ പേര് ജോയി എന്നാണന്നു എനിയ്ക്കൊര്‍മ്മയുള്ള കാലം മുതല്‍ ഞാന്‍ മനസ്സിലാക്കിയിരിയ്ക്കുന്ന സത്യമാണ്. എന്തിനേറെ പറയണം ജവാസത്തന്മാരുടെ കയ്യിലിരിയ്ക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റില്‍ പോലും ജോയി എന്ന്‍ അറബിവെണ്ടാക്കാ അക്ഷരത്തിലും എഴുതിയിട്ടുണ്ടല്ലോ??? പിന്നെ ഈ ജോസ് എവിടെനിന്ന് വന്നു??
ജവാസത്തിന്റെ ചോദ്യം എന്നോടായി
ഇന്ത ജോസ്???
ലാ അന ജോയി ! ( അല്ല എന്റെ പേര് ജോയി എന്നാകുന്നു - Simple present tense )
സ്വന്തം പേര് പറയാനുള്ള അറബിയൊക്കെ ആലുവ ജോണ്‍സന്‍ എന്ന, സൗദിയില്‍ പത്തു വര്‍ഷം തികച്ച എന്റെ സുഹൃത്തിനുപോലും അറിയാം! എന്റെ ഭാര്യയാണെകില്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു ഞാനവളുടെ ജോസ് തന്നെയാണെന്ന്‍. ജവാസത്ത് കണ്‍ഫ്യൂഷനിലായി.
സ്നേഹം കൂടുമ്പോള്‍ ചില പെണ്ണുങ്ങള്‍ ഭര്‍ത്താവിനെ കുട്ടാ, കരളേ പൊന്നെ എന്നൊക്കെ വിളിയ്ക്കാറുണ്ടത്രേ!! ( ആവോ എനിയ്ക്കറിയില്ല ! സന്തോഷ് മുതിരക്കാലില്‍ പറഞ്ഞുള്ള അറിവാ ) എന്നാലും ലോകത്തൊരിടത്തും സ്നേഹം കൂടിയ ഭാര്യ ഭര്‍ത്താവിനെ “ ന്റെ ജോസേ “ ന്നു വിളിച്ചതായി ആരും രേഖപ്പെടുത്തിയിട്ടില്ല. സ്വന്തം ഭര്‍ത്താവിന്റെ പേര് മാറ്റിപ്പറഞ്ഞു, അതും ഈ നിര്‍ണ്ണായക സമയത്ത് എന്നെ കൊലയ്ക്കുകൊടുക്കാന്‍ കൂട്ടുനില്‍ക്കുന്ന കുടലേ.... നിന്നെപ്പറ്റി ഞാന്‍ പറഞ്ഞ നല്ല വാക്കുകളായ സാവിത്രി, ഉത്തമ ഭാര്യ, എന്നീ വിശേഷണങ്ങള്‍- സബാഷ് ഉള്‍പ്പെടെ, ഞാനിതാ തിരിച്ചെടുക്കുന്നു. ഫാര്യയാണത്രേ ഫാര്യ, ഫൂ!!!!!! നീ എന്നെങ്കിലും അങ്ങ് നാട്ടില്‍ വരും. നമുക്കപ്പോള്‍ കാണാം!!! എന്റെ മുഖ ഭാവത്തില്‍ നിന്നും ജോസിന്‍റെ കാര്യത്തില്‍ എനിയ്ക്ക് സംശയം നിലനില്‍ക്കുന്നതായി എന്റെ പെണ്ണുംപുള്ളയ്ക്ക് പുടികിട്ടി.
അവള്‍ പറഞ്ഞതിതാണ്. “ അച്ചായാ അറബിയില്‍ ഭര്‍ത്താവിനു ജോസ് എന്നാണ് പറയുന്നത്. ( ജവാസ് എന്നോ എന്നോ മറ്റോ ആണ് കറക്റ്റ്. അതിനെ മലയാളീകരിച്ചതാണ് ജോസ്! ഈ മലയാളികളെക്കൊണ്ട് തോറ്റു!! ) ചുമ്മാ വള വളാന്ന്‍ പറഞ്ഞു എന്നെ കത്തിവെയ്ക്കുന്നപോലെ അത്ര എളുപ്പമല്ല അറബിജീവിതമെന്ന് നാലുകൊല്ലമായിട്ടും മനസ്സിലായില്ലല്ലോ- കഷ്ടം!!
നിഷ്കളങ്കരായ ഞങ്ങളെ വെറുതേ വിടാന്‍ തീരുമാനമായി. കൃഷ്ണന്‍കുട്ടി നായര്‍ നിരാശനായി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു... മാന്യരില്‍ മാന്യനായ എനിയ്ക്ക് ഇപ്പോഴും പിടികിട്ടാത്ത ഒരു ചോദ്യമുണ്ട്.
സത്യത്തില്‍ ആരാണീ ജോസ് ?????????????????
Subscribe to:
Comments (Atom)
