Monday, August 22, 2016

ഭക്തർ


ഭക്തർ


കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോൾ റേഷൻ കട നടത്തുന്ന ഉണ്ണിച്ചേട്ടനെ കണ്ടു. വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ, പണ്ട് കുത്തിക്കുറിച്ച ചില അനുഭവക്കുറിപ്പുകളെപ്പറ്റി സൂചിപ്പിച്ചു.“ താ..വായിച്ചുനോക്കട്ടെ ”
താനിതാ വർഷങ്ങൾക്കു ശേഷം അണ്ടൂരിലെ ആസ്ഥാന എഴുത്തുകാരനും, ചതയദിനാഘോഷത്തോടനുബന്ധിച്ചു നടത്താറുള്ള ദാമോദരാ മെമ്മോറിയൽ നാടകങ്ങളുടെ സ്ഥിരം രചയിതാവുമായ, ഉണ്ണിച്ചേട്ടനാൽ വായിക്കപ്പെടാൻ പോകുന്നു എന്നറിഞ്ഞ് എന്റെ കഥകൾ പുളകിതരായി. അലക്ഷ്യമായി ഉപേക്ഷിയ്ക്കപ്പെട്ട ഏതോ പേപ്പർ കൂട്ടത്തിലിരുന്ന് ഒന്നു ഞെളിഞ്ഞു. കഥകൾ തപ്പിയെടുത്ത് സമക്ഷത്തിൽ എത്തിച്ചു.
പിറ്റേദിവസം തന്നെ പരീക്ഷയുടെ റിസൾട്ട് അറിയാനുള്ള വിദ്യാർദ്ധിയുടെ ആകാംക്ഷയോടെ രാവിലെതന്നെ റേഷൻ കടയിലെത്തി. എന്റെ നാട്ടിലെ തന്നെ കഥാപാത്രങ്ങൾ അതേ പേരിൽ തന്നെ പ്രത്യക്ഷപ്പെടുന്നതിനാൽ ഉണ്ണിച്ചേട്ടനു സംഭവം ഇഷ്ടപ്പെട്ടെന്ന് അപൂർവ്വമായി മാത്രം ദർശിയ്ക്കാൻ കഴിയുന്ന ആ ചുണ്ട് ലേശം വക്രിച്ചുള്ള ചിരിയിൽ നിന്നും മനസ്സിലായി.
“കൊള്ളാമടാ!! ആദ്യപ്രതികരണത്തിൽ ഞാൻ പുളകമണിഞ്ഞു.
കുറച്ചുകൂടി ശരിയാവാനുണ്ട്!!! ( അണിഞ്ഞ പുളകം അഴിഞ്ഞു വീണു )
നീ എഴുതിയതിൽ ചിലത് പൂർത്തിയായിട്ടില്ല. അതിൽ തോട്ടത്തിൽ പാക്കരമ്മാവന്റെ സംഭവത്തിൽ കുറേ ഇനിയും എഴുതാൻ ഉണ്ട്.. ഏതോ സിനിമയിൽ മാമുക്കോയ ശ്രീനിവാസന്റെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞിടത്തേയ്ക്കാണ്‌ കാര്യങ്ങളുടെ പോക്കെന്ന് എനിയ്ക്ക് മനസ്സിലായി. ( ആദ്യം സുന്ദരനാണെന്ന് തുടങ്ങി ” മോന്ത അന്നെപ്പോലെ ഇങ്ങനെ കരുവാളിച്ചിട്ട് അല്ല “ എന്നൊക്കെപ്പറഞ്ഞ് അവസാനം നീയൊരു മഹാ വിരൂപനാണെന്ന് പറഞ്ഞു വയ്ക്കുന്ന മാമുക്കോയ സ്റ്റൈൽ ) റേഷൻ കടയിൽ ആരോ വന്നു. ഉണ്ണിച്ചേട്ടൻ അവരോട് സംസാരിയ്ക്കാൻ പോയി. സാധാരണ ഏതു കച്ചവടസ്ഥാപനത്തിലും കസ്റ്റമേഴ്സ് വരുന്നത് കടക്കാർക്ക് വല്ല്യ സന്തോഷമാണ്‌. ഏന്നാൽ റേഷങ്കടക്കാർ പൊതുവേ വ്യത്യസ്തരാണ്‌. അരിയൊക്കെ ത്രാസ്സിൽ തൂക്കി സഞ്ചിയിലേയ്ക്ക് പകരുമ്പോൾ ” ഇപ്പോഴത്തേയ്ക്ക് കൊണ്ട് പൊയ്ക്കോ, മേലാൽ ഈ വഴിയ്ക്ക് ഇനി കണ്ടുപോകരുത് “ എന്ന മുഖഭാവമാണ്‌. ഉണ്ണിച്ചേട്ടൻ ഇക്കാര്യത്തിൽ ഒട്ടും വ്യത്യസ്തനല്ല.
ഉണ്ണിച്ചേട്ടൻ സാധനം തൂക്കിക്കൊണ്ടിരിയ്ക്കുമ്പോൾ കാഷ് കൗണ്ടറിലിരുന്ന അദ്ദേഹത്തിന്റെ ഭാര്യചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു, ജോയീ ഈ ചേട്ടൻ ചുമ്മാതെ പറയുന്നതാ...ഇന്നലെ രാത്രി മുഴുവൻ കുത്തിയിരുന്ന് മൊത്തം കഥകളും വായിച്ച് ചിരിയ്ക്കുന്നത് ഞാൻ കണ്ടതാ..( ചിരി പതിവില്ലാത്തതിനാലായിരിയ്ക്കും ചേച്ചിയും ശ്രദ്ധിച്ചത് ). ഞാനും വാങ്ങി വായിച്ചു. ഇതിൽ ചിലരൊക്കെ എന്നെ കെട്ടിക്കൊണ്ട് (ഉണ്ണിച്ചേട്ടന്റെ ഭാഷയിൽ ‘കെട്ടിയെടുത്തോണ്ട്’) വരുന്നതിന്‌ മുൻപേ മരിച്ചു പോയവരാ..എന്നാലും ഇതിൽ പലതും ഞാനും കേട്ടിട്ടുള്ളതാ..
അഴിഞ്ഞുവീണ പുളകം ഇനിയും അണിയണോ എന്ന് ശങ്കിച്ചു നിന്നു. ഉണ്ണിച്ചേട്ടൻ ഇതു കേട്ട് ചെറുതായി പുഞ്ചിരിയ്ക്കുന്നുണ്ടായിരുന്നു. അരി വാങ്ങാൻ വന്ന സ്ത്രീ ഈ അപൂർവ്വ പുഞ്ചിരി കണ്ട്, മണ്ണെണ്ണകുപ്പിയും കൂടി കൊണ്ടു വരാത്തതിൽ കുണ്ഠിതപ്പെട്ടു.
ഇത്രയുമായപ്പോൾ ഉണ്ണിച്ചേട്ടൻ ഒന്നയഞ്ഞു. അണ്ടൂരിലെ പഴയകാല വീരനായകരുടെ കഥകൾ പലതും എന്നെ ഓർമ്മിപ്പിച്ചു. ഉണ്ണിച്ചേട്ടന്റെ വായിലൂടെ കഥ കേൾക്കാൻ വലിയ രസമാണ്‌. എന്റെ അഭാവത്തിൽ നാട്ടിൽ നടന്ന പല സംഭവങ്ങളും പറഞ്ഞുതന്നു. ” ഞാൻ തന്നെ എഴുതണമെന്ന് കരുതിയിരുന്നതാ..ഇനി വേണേൽ നീ എഴുതിയ്ക്കൊ! എന്ന ഒറ്റവാക്കിലൂടെ പകർപ്പവകാശവും അപ്പോൾത്തന്നെ കൈമാറി. ഞാൻ ധന്യനായി! 

                                               ******************************************************

അങ്ങനെ നീണ്ട 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം മംഗലശ്ശേരി നീലകണ്ഡൻ മടങ്ങി വരുകയാണ്‌..(തെറ്റിദ്ധരിയ്ക്ക്ണ്ടാ..ഒരു ഫ്ളോയ്ക്കങ്ങ് എഴുതിപ്പോയതാ..)

ശശി!
അതാണ്‌ നമ്മുടെ കഥാനായകന്റെ പേര്‌. സമീപകാലങ്ങളിൽ ക്രൂരവും പൈശാചികവുമായ് മല്ലൂസ് നിർദ്ദയം വലിച്ചു കീറി നശിപ്പിച്ച പേര്‌. എന്നാലും ഇദ്ദേഹത്തിന്റെ പേര്‌ അത് തന്നെയാണ്‌.
നീണ്ട് മെലിഞ്ഞ ശരീരം. ഒരു വശത്തേയ്ക്ക് വെളിച്ചെണ്ണ തേച്ച് ഒതുക്കി വച്ചിരിയ്ക്കുന്ന തലമുടി. അല്പമേയുള്ളൂ എങ്കിലും അത് അനുസരണയോടെ തലയോട് ഒട്ടി അങ്ങനെയിരിയ്ക്കും. പ്രേം നസീർ സ്റ്റയ്‌ലിലുള്ള കമ്പിമീശ. ഒട്ടിയ വയർ. ബീഡി വലിച്ച് കറുത്തുപോയ ചുണ്ടുകൾ. നല്ല വെളുത്ത നിറം. നെറ്റിയില്‍ രണ്ടുവരി ചന്ദനക്കുറി, എപ്പോഴും ഹാപ്പി. പേര്‌ ശശിയെന്നാണങ്കിലും നാട്ടിൽ അറിയപ്പെടുന്നത് “ ഭക്തർ ” എന്ന പേരിലാണ്‌. കേൾക്കുമ്പോൾ 2 പേർ ഉണ്ട് എന്ന് തോന്നുമെങ്കിലും ശശി ഒറ്റ ആൾ ആണ്‌. സ്ഥിരമായി കാലിൽ ഒരു വെള്ളത്തുണികൊണ്ടുള്ള കെട്ട് കാണും.( ഷുഗറിന്റെ അസ്ക്യതയാണെന്നൊക്കെ മനസ്സിലാക്കിയത് വർഷങ്ങൾക്ക് ശേഷമാണ്‌.)
ഭക്തർ നാട്ടിലെ അമ്പലങ്ങളിലും, വീടുകളിലും ഭജനയ്ക്കും, ഭാഗവതപാരായണത്തിനും സ്ഥിരമായി പോകാറുണ്ട്. അതാണ്‌ സ്ഥിരം വരുമാന മാർഗ്ഗം. ഈ രണ്ടു കാര്യങ്ങളും വളരെ ഭംഗിയായി ചെയ്യാറുമുണ്ട്. നന്നായി പാട്ടും പാടും. “ രാധതൻ പ്രേമത്തോടാണോ...കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ..പറയൂ നിനക്കേറ്റം ഇഷ്ടം..പക്ഷേ പകൽ പോലെ ഉത്തരം സ്പഷ്ടം..” എന്ന് ഭക്തർ പാടുമ്പോൾ, സാക്ഷാൽ കൃഷ്ണഭഗവാൻ പോലും കൺഫ്യൂഷനടിച്ചുപോകും!. വല്ലപ്പോഴും ചില ചെറിയ കുടുംബ ക്ഷേത്രങ്ങളിൽ പൂജാരിയായും പിന്നീട് സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ട്. പൂജാദികർമ്മങ്ങളിൽ ഭക്തരെ സഹായിയ്ക്കാൻ അമ്മാവന്റെ മകൻ അജയും പരികർമ്മിയായി പോകാറുണ്ട്.
അങ്ങനെയിരിയ്ക്കെ...വീടിനടുത്തുതന്നെയുള്ള ഒരു കുടുംബക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾക്കായി ഭക്തരെ ക്ഷണിയ്ക്കുന്നു. പരികർമ്മിയുമൊത്ത് സ്ഥലത്തെത്തിയ ഭക്തർ പൂജയ്ക്കാവശ്യമായ സാധനങ്ങളൊക്കെ ഒരുക്കി. സന്ധ്യയോടെ പൂജാനടപടികൾ ആരംഭിച്ചു. ശ്രീകോവിലിനുള്ളിൽ കയറി ഭക്തർ നടയടച്ചു. കുടുംബാംഗങ്ങളും, ബന്ധുജനങ്ങളും അയല്ക്കാരുമൊക്കെയായി അൻപതോളം ആളുകൾ തൊഴുകയ്യുമായി ശ്രീകോവിൽ നട തുറക്കുന്നതും കാത്ത് ഭക്ത്യാദരപൂർവ്വം കാത്തു നില്ക്കുന്നു.പരികർമ്മി അജ ഒരുക്കിയ കർപ്പൂര സുഗന്ധം പരിസരമാകെ പരന്നു..സമയമായിട്ടും ശ്രീകോവിൽ നട തുറക്കുന്നില്ല...ആളുകൾ പതുക്കെ അക്ഷമരാകാൻ തുടങ്ങി... പരികർമ്മി അജ, ആദ്യ കർപ്പൂരം മുഴുവൻ എരിഞ്ഞു തീർന്നതിനാൽ “ഇപ്പ ശ്ശെര്യാക്കിത്തരാ” മെന്ന പപ്പു സ്റ്റൈലിൽ, രണ്ടാമതും പാത്രത്തിൽ കർപ്പൂരമിട്ട് കത്തിച്ചു..
പരികർമ്മി അജയ്ക്ക് എന്തോ സംശയം തോന്നി ശ്രീകോവിലിന്റെ നട പതുക്കെ തുറന്ന് തലയിട്ട് അകത്തേയ്ക്ക് നോക്കി. കട്ടൻ ബീഡിയുടെ ഗന്ധം അത്യാവശ്യം പുകയോടെ പുറത്തേയ്ക്കു പോയി...ഭക്തർ ഇതാ സാക്ഷാൽ ശബരിമല അയ്യപ്പസ്വാമി ഇരിയ്ക്കുന്നപോലെ ഇരുന്ന് ബീഡി വലിച്ച് പുകയൂതി വിടുന്നു..സുഖ സുഷുപ്തിയിലാണ്ടിരുന്നു ചെറുതായി മയങ്ങിപ്പോയ ഭക്തർ പുകയ്ക്കിടയിലൂടെ നീണ്ടുവരുന്ന അജയുടെ തല കണ്ട് പരിഭ്രാന്തനായി ചാടി എഴുന്നേറ്റ് ശ്രീകോവിലിന്റെ വെളിയിലിറങ്ങി അട്ടഹസിച്ചു..“ കർപൂരമെവിടെടാ​‍ാ​‍ാ ” രണ്ടുതവണ പുകച്ചതിനാൽ സാമാന്യം നന്നായി ചൂടു പിടിച്ചിരുന്ന കർപ്പൂരപ്പാത്രമെടുത്ത് ഭക്തരുടെ നീട്ടിയ കയ് വെള്ളയിലേയ്ക്ക് അജ വച്ചുകൊടുത്തു. പൂജനടത്തിയത് മഹാഗണപതിയ്ക്കായിരുന്നെങ്കിലും കൈവെള്ള പൊള്ളിയ ഭക്തർ “ദേവ്വ്യേ” എന്ന് അലറിവിളിച്ച് കർപ്പൂരപ്പാത്രമെടുത്ത് മുകളിലേയ്ക്കെറിഞ്ഞു. കർപ്പൂരദംശമേറ്റ വിശ്വാസികൾ ചിതറിയോടി...ജീവനുംകൊണ്ടോടിയ പരികർമ്മിയെത്തേടി കൈപൊള്ളിയ ഭക്തരും...!

No comments:

Post a Comment